10:25pm 29 September 2026
NEWS
പ്രവാസത്തിന്റെ ചരിത്രത്താളുകളിൽ ഇടം പിടിച്ച് ആശാ നരോത്ര പിറന്നാൾ നിറവിൽ
29/09/2026  03:14 PM IST
nila
പ്രവാസത്തിന്റെ ചരിത്രത്താളുകളിൽ ഇടം പിടിച്ച് ആശാ നരോത്ര പിറന്നാൾ നിറവിൽ

 

 

​ദോഹ: കടൽക്കാറ്റിനും മണൽത്തരികൾക്കും ഒപ്പം ഒരു നാടിന്റെ പ്രവാസചരിത്രത്തിൽ 
ഇടംപിടിച്ച പിറന്നാൾ ദിനമായിരുന്നു ഇന്നലെ 
ആശാ നരോത്രയ്ക്ക്.
അത്രമേൽ വസന്തങ്ങളൊന്നും പൂത്തുലയാത്ത, കടലും മണലാഴി മാത്രം അതിരിട്ട പഴയൊരു ഖത്തറിലേക്ക് ഓർമ്മകളുടെ കപ്പലോട്ടം നടത്തുകയാണ് പിറന്നാൾ ദിനത്തിൽ 
ആശാ നരോത്ര.
ഖത്തറിന്റെ മണ്ണിൽ ആദ്യമായി പിറന്നു വീണ വിദേശിയായ  ആശാ നരോത്രയുടെ 
ജന്മദിനം 
1952 സെപ്റ്റംബർ 25-നാണ്. പ്രവാസചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണാക്ഷരങ്ങളാൽ കുറിക്കപ്പെട്ട ആ ജനനം ദുഖാനിലാണ് സംഭവിച്ചത്.
​ഇന്നത്തെപ്പോലെ കൂറ്റൻ കെട്ടിടങ്ങളോ ആകാശപാതകളോ ഇല്ലാതിരുന്ന അക്കാലത്ത്, ബ്രിട്ടീഷ് പെട്രോളിയത്തിലെ (ഇന്നത്തെ ഖത്തർ എനർജി) ജീവനക്കാരനായ നിചരൺ സിംഗ് ഗില്ലിന്റെയും ജമുനാ ദേവിയുടെയും മകളായാണ് ആശ പിറന്നത്. കപ്പൽ കയറി ഈ തീരത്തെത്തിയ അമ്മമാർക്കും കുടുംബങ്ങൾക്കുമായി ദുഖാനിൽ ഒരുക്കിയ നാല് കൊച്ചു വീടുകളിലൊന്നിലായിരുന്നു ആ ബാല്യം വളർന്നത്.
​എട്ടാം വയസ്സിൽ പഠനാവശ്യത്തിനായി ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും, വേനലവധിക്കാലത്ത് മരുഭൂമിയുടെ കാറ്റേൽക്കാൻ ആശ വീണ്ടും ഖത്തറിലെത്തുമായിരുന്നു.പഠനകാലം കഴിഞ്ഞ് പിന്നീട് 1975-ൽ  തിരിച്ചെത്തി 2015 വരെ നീണ്ട നാല് പതിറ്റാണ്ട് കാലം അവർ ഈ നാടിന്റെ സ്നേഹത്തണലിൽ ജീവിച്ചു.
​"ഖത്തർ എന്റെ ആത്മാവിൽ പടർന്ന വീടാണ്, ഒരിക്കലും മായാത്ത എന്റെ ഭാഗമാണ്," ആശ ഓർമ്മകൾ പങ്കുവെക്കുന്നു. അച്ഛൻ നിചരൺ സിംഗ് 1983-ൽ സർവീസിൽ നിന്ന് വിരമിക്കുകയും 2000-ൽ ഖത്തറിനോട് വിടപറയുകയും ചെയ്തപ്പോഴും, ആ മണ്ണുമായുള്ള ആശയുടെ ബന്ധം അറുത്തുമാറ്റാനാവാത്ത വിധം ദൃഢമായിരുന്നു.
​ഖത്തർ അതിന്റെ ഹൃദയവാതിലുകൾ നമുക്കായി തുറന്നു തന്നിരിക്കുകയാണ്. ഇതിന്റെ സൗന്ദര്യവും ഊഷ്മളതയും ആവോളം ഉൾക്കൊള്ളുക. നിയമങ്ങൾ പാലിച്ച്, ഈ രാജ്യത്തെ സ്വന്തം വീടായി കാണുകയെ ന്നാണ് പുതിയ തലമുറയിലെ പ്രവാസികളോട് ആശയ്ക്ക്  പറയാനുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img